UPI MDR: യുപിഐ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ഒക്ടോബർ 15 -ന് നടപ്പാക്കില്ല? പേയ്മെന്റ് കമ്പനികളുടെ ഓഹരികൾ ഇടിഞ്ഞു
ഉത്സവകാലത്തെ വ്യാപാരികളുടെ ആശങ്കയും പ്രതിഷേധവും കാരണം യുപിഐ പുതിയ ഫീസ് നടപ്പിലാക്കുന്നത് ജനുവരിയിലേക്ക് നീട്ടാൻ സാധ്യത.
വ്യാപാരികളെ സംബന്ധിച്ച് വലിയൊരു പ്രതിസന്ധിയാണ് യുപിഐ ഇടപാടുകളിലെ മാറ്റം. ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 0.4 ശതമാനം നിരക്കിൽ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഏർപ്പെടുത്തുമെന്ന കാര്യം അവർ അംഗീകരിച്ചിട്ടില്ല. ഇതിനെതിരെ പ്രതിഷേധങ്ങൾ വരെ ആഹ്വനം ചെയ്തിരുന്നു.
എന്നാൽ ഉത്സവ ഷോപ്പിംഗ് സീസൺ ആരംഭിക്കുന്നതിനാൽ എംഡിആർ ഒക്ടോബർ 15 മുതൽ നടപ്പിലാക്കാൻ സാധ്യതയില്ല. യുപിഐ നെറ്റ്‌വർക്ക് പ്രവർത്തിപ്പിക്കുന്ന നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പുതിയ ഫീസ് വൈകുമോയെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഒക്ടോബർ 15-ന് എംഡിആർ നടപ്പിലാക്കിയില്ലെങ്കിൽ ജനുവരിയിലാകും ചാർജ് ഏർപ്പെടുത്തുക.
ഒക്ടോബർ-ഡിസംബർ കാലയളവ് പരമ്പരാഗതമായി ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോഗ സീസണുകളിൽ ഒന്നാണ്. പ്രധാനപ്പെട്ട ഉത്സവങ്ങളും അവയോടനുബന്ധിച്ചുള്ള ഷോപ്പിംഗ് ഇവന്റുകളും കാരണം ആളുകളുടെ ചെലവുകൾ വർദ്ധിക്കുകയാണ്. ഉയർന്ന തോതിലുള്ള ഇടപാടുകൾ നടന്നു കൊണ്ടിരിക്കുന്ന സമയത്ത് ആളുകൾ യുപിഐ ആണ് വളരെയധികം ആശ്രയിക്കുന്നത്. ഏകദേശം 50 കോടിയിലധികം ആളുകൾ ചെറിയ കടകൾ മുതൽ വലിയ സാധനങ്ങൾ വാങ്ങുന്നത് വരെ യുപിഐ ഉപയോഗിക്കുന്നുണ്ട്. ഇതിൽ 80 ശതമാനവും ഫോൺപേയും ഗൂഗിൾ പേയും വഴിയാണ് നടക്കുന്നത്.
മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് നടപ്പിലാക്കുന്നത് വൈകിയേക്കാമെന്ന സാധ്യത വ്യാഴാഴ്ച ഓഹരി വിപണിയിലുള്ള ഡിജിറ്റൽ പേയ്മെന്റ് കമ്പനികളുടെ ഓഹരികളെയും ബാധിച്ചു. പേടിഎം ഓഹരികൾ 5.5 ശതമാനവും മോബിക്വിക് (Mobikwik) ഓഹരികൾ 7 ശതമാനവും ഇടിഞ്ഞു. പൈൻ ലാബ്‌സ് (Pine Labs) ഓഹരികളും സമ്മർദ്ദത്തിലായി അതിന്റെ ഓഹരി വില 3 ശതമാനം കുറഞ്ഞു.
പുതിയ ഫീസ് പേയ്മെന്റ് കമ്പനികൾക്ക് ഗുണകരമാകുമെന്ന് കരുതിയിരുന്ന ഒന്നാണ് അതിനാൽ തീരുമാനം വൈകുന്നത് മേഖലയിലെ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിച്ചു. എങ്കിലും അന്തിമ ചട്ടക്കൂട് എങ്ങനെ നടപ്പിലാക്കുന്നു എന്നതിനെയും, പേയ്മെന്റ് കമ്പനികൾ ചെലവ് പൂർണ്ണമായി സ്വയം ഏറ്റെടുക്കുമോ അതോ അതിന്റെ ഒരു ഭാഗം വ്യാപാരികൾക്കോ ഉപയോക്താക്കൾക്കോ മേൽ ചുമത്തുമോ എന്നതിനെയും ആശ്രയിച്ചായിരിക്കും യഥാർത്ഥ ആഘാതം. ഫീസ് നടപ്പിലാക്കുന്നത് വൈകിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.