iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Israel Election: ഇസ്രായേല്‍ വിധിയെഴുതുന്നു, നെതന്യാഹുവിന് അഗ്നിപരീക്ഷ

International

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കടുത്ത വെല്ലുവിളിയാണ് തിരഞ്ഞെടുപ്പില്‍ നേരിടുന്നത്.

ടെൽ അവീവ്: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ ഇന്നാണ് ഇസ്രയേലിൽ പാർലമെന്റ് തിരഞ്ഞെടുപ്പ്. യുദ്ധവുമായി ബന്ധപ്പെട്ട് വലിയ വിമർശനങ്ങളാണ് നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിടുന്നത് അദ്ദേഹത്തെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. പ്രതിപക്ഷത്തുനിന്ന് ശക്തമായ വെല്ലുവിളിയാണ് നെതന്യാഹു നേരിടുന്നത്.

നെതന്യാഹുവിന്റെ എതിരാളി

ബെഞ്ചമിന് നെതന്യാഹുവിന്റെ പ്രധാന എതിരാളി ഗാഡി ഐസൻകോട്ടാണ്. മുൻ സൈനിക മേധാവിയും യാഷർ പാർട്ടി നേതാവുമാണ് അദ്ദേഹം. കൂടാതെ മുൻ പ്രധാനമന്ത്രിമാരായ നഫ്താലി ബെന്നറ്റ്, യെയർ ലാപിഡ് തുടങ്ങിയ പ്രതിപക്ഷ നേതാക്കളും നെതന്യാഹുവിന് ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്.

തിരഞ്ഞെടുപ്പ് സമ്പ്രദായം

ഇസ്രായേലിൽ പ്രാദേശിക മണ്ഡലങ്ങൾ തിരിച്ചല്ല തിരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യം മുഴുവൻ ഒറ്റ മണ്ഡലമായി കണക്കാക്കിയാണ് വോട്ടെടുപ്പ്.

വോട്ടർമാർ സ്ഥാനാർത്ഥികൾക്കല്ല മറിച്ച് രാഷ്ട്രീയ പാർട്ടികൾ തയ്യാറാക്കുന്ന സ്ഥാനാർത്ഥി പട്ടികയ്ക്കാണ് വോട്ട് ചെയ്യുന്നത്. ഇസ്രായേൽ പാർലമെന്റായ നെസെറ്റിലേക്ക് (Knesset) 120 സീറ്റുകളാണുള്ളത്. സീറ്റുകൾ നേടാൻ പാർട്ടികൾക്ക് കുറ‍ഞ്ഞത് 3.25% വോട്ട് പരിധി മറികടക്കേണ്ടതുണ്ട്. നേടുന്ന വോട്ടുകളിൽ ലഭിക്കുന്ന ശതമാനത്തിന് അനുസരിച്ചാണ് സീറ്റുകൾ പാർട്ടിക്ക് ലഭിക്കുക.

ഫലം എപ്പോൾ അറിയാം?

ഇന്ത്യൻ സമയം രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് രാത്രി 10 മണിവരെ നീളും. ഇതിന് ശേഷം ഇസ്രായേലി ടിവി ചാനലുകൾ ആദ്യ ഫല സൂചനകൾ (എക്സിറ്റ് പോൾ) പുറത്തുവിടും. ഒക്ടോബർ 30-ന് മുമ്പ് അന്തിമ കണക്കെടുപ്പ് നടക്കും. എന്നാൽ നവംബർ 4-ഓടെ മാത്രമേ ഔദ്യോഗിക ഫലം പ്രഖ്യാപിക്കൂ.

സർക്കാർ രൂപീകരണം

ഇസ്രായേലിൽ ഒരു പാർട്ടിക്കും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം (61 സീറ്റ്) ലഭിക്കാറില്ല. അതിനാൽ ചെറിയ പാർട്ടികൾ പോലും നിർണായക സ്വാധീനം ചെലുത്തുന്ന സഖ്യസർക്കാരാണ് ഇസ്രായേലിൽ അധികാരത്തിൽ വരുന്നത്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം രാജ്യത്തിന്റെ പ്രസിഡന്റ് കക്ഷി നേതാക്കളുമായി ചർച്ച നടത്തിയ ശേഷം സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന് കരുതുന്ന നേതാവിനെ ക്ഷണിക്കും. 42 ദിവസത്തെ സമയപരിധിയാണ് ഇതിനായി നൽകുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.