iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Kerala

Red alert: കള്ളക്കടൽ പ്രതിഭാസം, കടലാക്രമണത്തിന് സാധ്യത; സംസ്ഥാനത്ത് എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ തീരദേശ ജില്ലകളിലും കള്ളക്കടൽ പ്രതിഭാസത്തിനും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. സെപ്തംബർ 26 പുലർച്ചെ 2.30 മുതൽ സെപ്തംബർ 28 പുലർച്ചെ 2.30 വരെയുള്ള കാലയളവിലാണ് മുന്നറിയിപ്പ് പ്രാബല്യത്തിലുള്ളത്.

ഇതിൻറെ ഭാഗമായി സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരങ്ങളിൽ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ അടിക്കാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും കടൽക്ഷോഭത്തിനും ഉയർന്ന സാധ്യതയുണ്ട്.

പ്രത്യേക ജാഗ്രതാ നിർദേശമുള്ള പ്രദേശങ്ങൾ

തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ

കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ

ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ

എറണാകുളം: മുനമ്പം എഫ്എച്ച് മുതൽ മറുവക്കാട് വരെ

തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ

മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ

കോഴിക്കോട്: ചേമ്പാല എഫ്എച്ച് മുതൽ രാമനാട്ടുകര വരെ

കണ്ണൂർ: വളപട്ടണം മുതൽ ന്യൂമാഹി വരെ

കാസർകോട്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ

കേരളത്തിന് പുറമേ ലക്ഷദ്വീപ് തീരങ്ങളിലും തമിഴ്നാട്ടിലെ കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി എന്നീ ജില്ലകളുടെ തീരപ്രദേശങ്ങളിലും ഉയർന്ന തിരമാല ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പാലിക്കേണ്ട പ്രധാന സുരക്ഷാ നിർദേശങ്ങൾ

സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക: കടലാക്രമണം ശക്തിപ്പെടാൻ സാധ്യതയുള്ള അപകട മേഖലകളിൽ കഴിയുന്നവർ അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കാൻ തയ്യാറാകണം.

ചെറിയ യാനങ്ങൾ ഒഴിവാക്കുക: ചെറിയ വള്ളങ്ങളും ബോട്ടുകളും ഈ സയമത്ത് കടലിൽ ഇറക്കരുത്.

യാനങ്ങൾ ഇറക്കുന്നതും അടുപ്പിക്കുന്നതും ഒഴിവാക്കുക: തിരമാലകൾ ശക്തമാകുന്ന ഘട്ടത്തിൽ ബോട്ടുകളും വള്ളങ്ങളും കടലിലേക്ക് ഇറക്കുന്നതും കരയിലേക്ക് അടുപ്പിക്കുന്നതും ഒരുപോലെ അപകടകരമാണ്. അതിനാൽ ഇത്തരം ശ്രമങ്ങളിൽ നിന്ന് പൂർണമായും പിന്തിരിയുക.

ബീച്ച് വിനോദങ്ങൾക്ക് വിലക്ക്: മുന്നറിയിപ്പ് കാലാവധി അവസാനിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്.

യാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക: മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിടുക. കൂട്ടിയിടി ഒഴിവാക്കാൻ യാനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കാനും വല ഉൾപ്പെടെയുള്ള മത്സ്യബന്ധന ഉപകരണങ്ങൾ ഭദ്രമായി സൂക്ഷിക്കാനും ശ്രദ്ധിക്കുക.

യാത്രകൾ ഒഴിവാക്കുക: തീരദേശ മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ പൂർണമായും ഒഴിവാക്കുക.

തീരശോഷണ ജാഗ്രത: തീരമിടിച്ചിലിനും ശോഷണത്തിനും സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ പ്രത്യേക ജാഗ്രത പുലർത്തുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.