iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Doha KMCC Office Theft: ദോഹ കെഎംസിസി ഓഫീസ് കവർച്ച: പ്രതി ബാലകൃഷ്ണനെ മാപ്പുസാക്ഷിയാക്കാൻ പോലീസ് നീക്കം, കോടതിയിൽ അപേക്ഷ നൽകി

Kozhikode

ദോഹയിലെ കെഎംസിസി ഓഫീസിലെ കവർച്ചയിൽ പ്രതി ബാലകൃഷ്ണനെ മാപ്പുസാക്ഷിയാക്കാൻ കോടതിയെ സമീപിച്ച് പോലീസ്.

കോഴിക്കോട്: ദോഹയിലെ കെഎംസിസി ഓഫീസിൽ നിന്ന് കോടിക്കണക്കിന് പണം കവർന്ന കേസിലെ പ്രതി ബാലകൃഷ്ണനെ മാപ്പുസാക്ഷിയാക്കാൻ പോലീസ് നീക്കം. ഇതിന് അനുമതി തേടി കൊയിലാണ്ടി പൊലീസ് കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. കേസിൽ കീഴടങ്ങിയതാണ് പ്രാദേശിക ബിജെപി പ്രവർത്തകനായ ബാലകൃഷ്ണൻ. ദോഹയിലെ കെഎംസിസി ആസ്ഥാനത്തുനിന്ന് പ്രവാസി ക്ഷേമനിധി തുക ഉൾപ്പെടെ ഏകദേശം 8 കോടിയോളം രൂപ കവർന്നുവെന്നാണ് കേസ്.

വെൽഡിങ് തൊഴിലാളിയായ ബാലകൃഷ്ണൻ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. ഇതോടെ വിദേശത്ത് നടന്ന വൻ കവർച്ചയുടെ ചുരുളഴിയുകയായിരുന്നു. കേസിലെ മുഖ്യപ്രതിയായ ബോംബെ ഷാജി എന്നറിയപ്പെടുന്ന ഷാജഹാൻ സാധാരണ വെൽഡിങ് ജോലിക്കെന്ന വ്യാജേനയാണ് തന്നെ ദോഹയിലെത്തിച്ചതെന്ന് ബാലകൃഷ്ണൻ മൊഴി നൽകിയിരുന്നു. പിന്നീട് കെഎംസിസി ഓഫീസിലെ സ്ട്രോങ് റൂം തുറക്കാൻ ഭീഷണിപ്പെടുത്തിയെന്നും ഇയാൾ വെളിപ്പെടുത്തിയിരുന്നു.

ബാലകൃഷ്ണൻ കീഴടങ്ങിയതിന് പിന്നാലെ ഇയാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയും തെളിവ് ശേഖരണത്തിനായി ഷാജഹാന്റെ വീട്ടിലെത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. ബാലകൃഷ്ണന്റെ മൊഴികൾ കേസിൽ ബലമേകുമെന്നതിനെ തുടർന്നാണ് മാപ്പുസാക്ഷിയാക്കാൻ അനുമതി തേടിയത്.

കേസിൽ ഒളിവിൽ കഴിയുന്ന മറ്റ് പ്രതികളെ വലയിലാക്കാൻ പോലീസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്. പ്രധാന സൂത്രധാരനായ ഷാജഹാൻ, റാഷി, സാലിഹ്, ഹുസൈൻ അസനാർ, അബ്ദുൾ നിസാർ, അബ്ദുൾ റസാഖ് കുന്നമ്മൽ (റൊട്ടാന റസാഖ്) എന്നീ 6 പേർക്കെതിരെയാണ് പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. ആകെ എട്ട് പ്രതികളുള്ള കേസിൽ കമറുദ്ദീൻ എന്നയാൾക്ക് ഖത്തറിൽ നിലവിൽ യാത്രാവിലക്കുള്ളതിനാൽ ഇന്ത്യയിലേക്ക് മടങ്ങാനായിട്ടില്ലെന്ന് കൊയിലാണ്ടി സി.ഐ ആർ.എൻ. പ്രശാന്ത് വ്യക്തമാക്കി. ഒളിവിൽ കഴിയുന്ന പ്രതികളിൽ നാലുപേർ ഇതിനോടകം മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ കണ്ടെത്താൻ തെരച്ചിൽ കൂടുതൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.