iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Socio Vasu: സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു അന്തരിച്ചു

Kozhikode

വെള്ളിയാഴ്ച  രാവിലെ 11ന് ഗോതീശ്വരം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.

കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു (പി. വാസു) അന്തരിച്ചു. 103 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് ചെറുവണ്ണൂരിലെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് മരണം സംഭവിച്ചത്.

സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ 11ന് ഗോതീശ്വരം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും. മലബാറിലെ ക്വിറ്റ് ഇന്ത്യാ സമര ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള പോരാളിയായിരുന്നു അദ്ദേഹം. 1923 ജനുവരിയിൽ കോഴിക്കോട് ചെറുവണ്ണൂർ പുതിയപറമ്പിൽ അപ്പുവിൻറെയും അമ്മുവിൻറെയും മകനായി ജനിച്ച വാസു വിദ്യാർഥിയായിരിക്കെ തന്നെ കോൺഗ്രസ് പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടു.

1934ൽ കോഴിക്കോട്ടെത്തിയ മഹാത്മാഗാന്ധിയുടെ പ്രസംഗം കേൾക്കാൻ പിതാവിനൊപ്പം പോയ പതിനൊന്നുകാരനായ വാസുവിൽ ആ അനുഭവമാണ് രാജ്യസ്നേഹത്തിൻറെ ആവേശം വളർത്തിയത്. 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് കുണ്ടായിത്തോട് മുതൽ ചെറുവണ്ണൂർ വരെ നയിച്ച ജാഥയുടെ പേരിൽ ബ്രിട്ടീഷ് പോലീസിൻറെ കുടത്ത മർദ്ദനത്തിനും മൂന്നര മാസത്തെ ജയിൽ വാസത്തിനും അദ്ദേഹം വിധേയനായി. 1997ൽ രാജ്യത്തിൻറെ അൻപതാം സ്വാതന്ത്ര്യവാർഷിക വേളയിൽ ഡൽഹിയിൽ വച്ച് അന്നത്തെ രാഷ്ട്രപതി കെആർ നാരായണനിൽ നിന്ന് അദ്ദേഹം ആദരം ഏറ്റുവാങ്ങി.