Anali Web Series: വിചാരണ പൂർത്തിയാകും വരെ റിലീസ് ചെയ്യരുത്! 'അണലി' വെബ് സീരീസിന്റെ റിലീസിന് വിലക്ക്
കൂടത്തായി കേസിൻറെ വിചാരണ പൂർത്തിയാകും വരെ ‘അണ’ലി വെബ് സീരീസ് റിലീസ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്.
)
കൊച്ചി: 'അണലി' വെബ് സീരീസിന്റെ റിലീസ് എറണാകുളം അഡീഷണൽ മുൻസിഫ് കോടതി വിലക്കി. കുപ്രസിദ്ധമായ കൂടത്തായി കൂട്ടക്കൊലക്കേസിനെ പ്രമേയമാക്കിയാണ് സീരീസ് ഒരുക്കിയിട്ടുള്ളതെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. കോടഞ്ചേരി, താമരശ്ശേരി പോലീസ് സ്റ്റേഷനുകളിൽ ജോളിയെ പ്രതിയാക്കി രജിസ്റ്റർ ചെയ്തിട്ടുള്ള ക്രിമിനൽ കേസുകളുടെ വിചാരണ പൂർത്തിയാകുന്നതുവരെ സീരീസ് റിലീസ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു.
കൂടത്തായി കേസിലെ നീതിയുക്തമായ വിചാരണയെ വെബ് സീരീസിന്റെ റിലീസ് ഗുരുതരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കേസിലെ ഒന്നാം പ്രതി ജോളി ജോസഫ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർണായക ഉത്തരവ് വന്നിരിക്കുന്നത്. കേസിന്റെ വിചാരണ പൂർത്തിയാകുന്നതിന് മുൻപ് തന്നെയൊരു കുറ്റവാളിയായി ചിത്രീകരിക്കുന്നത് വ്യക്തിപരമായ സ്വകാര്യതയെയും അന്തസ്സിനെയും ബാധിക്കുമെന്ന് ജോളി കോടതിയിൽ വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചാണ് കോടതി സീരീസിന് താത്കാലിക വിലക്കേർപ്പെടുത്തിയത്.
നിയമപ്രകാരം കുറ്റം തെളിയിക്കപ്പെടുന്നത് വരെ ഏതൊരു വ്യക്തിയും നിരപരാധിയാണെന്ന് കരുതപ്പെടാനുള്ള അവകാശമുണ്ടെന്ന് എറണാകുളം മുൻസിഫ് കോടതി നിരീക്ഷിച്ചു. 'അണലി' വെബ് സീരീസിൽ മുഖ്യകഥാപാത്രമായി ഹർജിക്കാരിയെ (ജോളി) തിരിച്ചറിയുകയും അവർ യഥാർത്ഥ കുറ്റവാളിയാണെന്ന തരത്തിൽ ചിത്രീകരിക്കുകയും ചെയ്താൽ, അത് അവരുടെ അന്തസ്സിനും സത്കീർത്തിക്കും വരുത്തുന്ന ഹാനി വലുതായിരിക്കും. ഇത് പിന്നീട് നഷ്ടപരിഹാരം നൽകി പരിഹരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി റിലീസിന് വിലക്കേർപ്പെടുത്തിയത്.
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് നിഖിലാ വിമൽ, ലിയോണ ലിഷോയ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നതാണ് 'അണലി' വെബ് സീരീസ്. മുൻസിഫ് കോടതി നേരത്തെ നൽകിയ ഇടക്കാല സ്റ്റേ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംപ്രേഷണാവകാശമുള്ള ജിയോ ഹോട്ട്സ്റ്റാർ ഇന്ത്യ നൽകിയ ഹർജി കോടതി തള്ളിയിരുന്നു. സീരീസിന്റെ സംപ്രേഷണം വൈകുന്നത് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന വാദവുമായി മുൻപ് ഹോട്ട്സ്റ്റാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഹർജി വേഗത്തിൽ തീർപ്പാക്കാൻ ഹൈക്കോടതി മുൻസിഫ് കോടതിക്ക് നിർദേശം നൽകിയതിന് പിന്നാലെയാണ് ഇപ്പോൾ ഉത്തരവ് വന്നിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)