NBCC Flat Auction Row: എൻബിസിസി ലേല തർക്കം; ആഡംബര ഫ്ലാറ്റുകളുടെ ലേലം റദ്ദാക്കി, ചോദ്യം ചെയ്ത് ഉപഭോക്താക്കൾ, നോട്ടീസ് അയച്ച് കോടതി
എൻബിസിസിയുടെ ഭാഗത്ത് നിന്ന് തുടർച്ചയായി ഉണ്ടാകുന്ന ഈ റദ്ദാക്കലുകൾ ലേല നടപടികളുടെ സുതാര്യതയെക്കുറിച്ചും നിഷ്പക്ഷതയെക്കുറിച്ചും സംശയങ്ങൾ ഉയർത്തുന്നുണ്ട്.
)
ന്യൂഡൽഹി: എൻബിസിസി ഡൽഹിയിലെ സരോജിനി നഗറിലെ അവന്യൂ ടവേഴ്സിലെ ആഢംബര ഫ്ലാറ്റുകളുടെ ലേലം റദ്ദാക്കിയത് വിവാദത്തിൽ. സർക്കാർ പൊതുമേഖലാ സ്ഥാപനമായ എൻബിസിസി 49 ആഢംബര ഫ്ലാറ്റുകളുടെ ലേലമാണ് റദ്ദാക്കിയത്. ഒക്ടോബർ 28ന് നടന്ന ലേലത്തിൽ ഏറ്റവും ഉയർന്ന തുക ലേലം വിളിച്ച് വിജയികളായ ഉപഭോക്താക്കൾക്കാണ് ലേലം റദ്ദാക്കിയത് തിരിച്ചടിയായിരിക്കുന്നത്.
ഇതാദ്യമായല്ല എൻബിസിസി ഇത്തരത്തിൽ ഫ്ലാറ്റ് ലേല നടപടികൾ റദ്ദാക്കുന്നത്. ഓഗസ്റ്റ് 19ന് 262 ഫ്ലാറ്റുകളുടെ ലേലം കമ്പനി ഇത്തരത്തിൽ റദ്ദാക്കിയിരുന്നു. പിന്നീട് ഒക്ടോബർ മൂന്നിന് ഇവ വീണ്ടും ലേലത്തിന് വച്ചുവെങ്കിലും അവയിൽ 17 എണ്ണത്തിൻറെ ലേലം വീണ്ടും റദ്ദാക്കി. ജൂലൈയിലാണ് 262 ഫ്ലാറ്റുകൾ കമ്പനി ആദ്യമായി വിൽപ്പനയ്ക്കായി പരസ്യപ്പെടുത്തിയത്.
സുതാര്യത ചോദ്യം ചെയ്ത് ഉപഭോക്താക്കൾ
തുടർച്ചയായി കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഈ റദ്ദാക്കലുകൾ ലേല നടപടികളുടെ വിശ്വാസ്യതയും സുതാര്യതയും നിഷ്പക്ഷതയും സംബന്ധിച്ച് സംശയങ്ങൾ ഉയർത്തുന്നുണ്ട്. കമ്പനി നിശ്ചയിച്ച അടിസ്ഥാന വിലയേക്കാൾ (റിസർവ് പ്രൈസ്) ഉയർന്ന തുകയാണ് തങ്ങൾ വാഗ്ദാനം ചെയ്തതെന്ന് ലേലത്തിൽ പങ്കെടുത്തവർ പറയുന്നു.
ഇപ്പോൾ റദ്ദാക്കിയ 49 ഫ്ലാറ്റുകൾക്കും ലഭിച്ച ഓഫറുകൾ അടിസ്ഥാന തുകയ്ക്ക് തൊട്ടടുത്തോ അല്ലെങ്കിൽ 10 ശതമാനം വരെ ഉയർന്നതോ ആയിരുന്നു. ചതുരശ്ര അടിക്ക് 37,161 രൂപ നിരക്കിൽ അടിസ്ഥാന വില നിശ്ചയിച്ച 245 ഫ്ലാറ്റുകളാണ് എൻബിസിസി വിൽപ്പനയ്ക്ക് വച്ചിരുന്നത്. ഓരോ ഫ്ലാറ്റിനും 15 കോടി രൂപയിൽ അധികം മൂല്യമുണ്ട്. വ്യക്തികൾക്ക് പുറമേ വൻകിട നിക്ഷേപകരും ലേലത്തിൽ പങ്കെടുത്തിരുന്നു. ഒരാൾ 262 ഫ്ലാറ്റുകൾക്കും മറ്റുചിലർ 70 മുതൽ 80 വരെ ഫ്ലാറ്റുകൾക്കും ബിഡ്ഡുകൾ നൽകിയിരുന്നു.
ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു
എൻബിസിസിയുടെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ ഉപഭോക്താക്കൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഉയർന്ന തുക ലേലം വിളിച്ചിട്ടും തങ്ങൾക്ക് അർഹമായ ഫ്ലാറ്റുകൾ അനുവദിച്ചില്ലെന്നും ലേലം റദ്ദാക്കിയതിന് വ്യക്തവും ന്യായവുമായ കാരണങ്ങൾ കമ്പനി ബോധിപ്പിച്ചില്ലെന്നും ഹർജിക്കാർ കോടതിയിൽ വ്യക്തമാക്കി.
ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി വിഷയത്തിൽ രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് എൻബിസിസിക്ക് നോട്ടീസ് അയച്ചു. ജനുവരി 12ന് കേസ് വീണ്ടും പരിഗണിക്കും. വിഷയത്തിൽ എൻബിസിസിയുടെ ഭാഗത്ത് നിന്ന് വിശദീകരണങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
സാമ്പത്തിക നേട്ടത്തിൽ എൻബിസിസി
വിവാദങ്ങൾക്കിടയിലും മികച്ച സാമ്പത്തിക ലാഭമാണ് കമ്പനി മൂന്നാം പാദത്തിൽ കൈവരിച്ചിരിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിൻറെ രണ്ടാം പാദത്തിൽ കമ്പനിയുടെ സംയോജിത അറ്റാദായം 34 ശതമാനം വർധിച്ച് 209.85 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 156.69 കോടി രൂപയായിരുന്നു. കമ്പനിയുടെ വരുമാനം 16.5 ശതമാനം ഉയർന്ന് 3,395.78 കോടി രൂപയിൽ എത്തി. ഓഹരി ഉടമകൾക്കായി ഓഹരിയൊന്നിന് 0.25 രൂപ നിരക്കിൽ രണ്ടാം ഇടക്കാല ഡിവിഡൻറും ബോർഡ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)