iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
National

Modi's Private Secretary Nidhi Tiwari: ശാസ്ത്രജ്ഞയില്‍ നിന്ന് പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയിലേക്ക്, ആരാണ് നിധി തിവാരി?

ഇന്ത്യൻ ഫോറിൻ സർവീസ് (IFS) ഉദ്യോഗസ്ഥയായ നിധി തിവാരി, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്. ഇതിന് മുൻപ് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു നിധി. അവിടെ വിദേശകാര്യവുമായി ബന്ധപ്പെട്ടും സുരക്ഷയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളായിരുന്നു നിധി കൈകാര്യം ചെയ്തത്. സിവിൽ സർവീസിൽ പ്രവേശിക്കുന്നതിന് മുൻപ് നിധി ബാബാ അറ്റോമിക് റിസർച്ച് സെന്ററിൽ (BARC) ശാസ്ത്രജ്ഞയായി ജോലി ചെയ്തിരുന്നു.

നിധിയുടെ വിദ്യാഭ്യാസം

ലക്നൗ സ്വദേശിയാണ് നിധി. അവിടെ തന്നെയാണ് തന്റെ സ്കൂൾ വിദ്യാഭ്യാസവും ബിരുദവും പൂർത്തിയാക്കിയത്. ബിഎസ്‍സി പൂർത്തിയാക്കിയ നിധി, ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം സ്വർണ മെഡലോടെ പാസായി. പഠിത്തം പൂർത്തിയാക്കിയ ശേഷം ബാബാ അറ്റോമിക് റിസർച്ച് സെന്ററിൽ ജോലിയിൽ പ്രവേശിച്ചു.

2008-ൽ ജോലി ഉപേക്ഷിച്ചു

ശാസ്ത്രജ്ഞയായിട്ടാണ് അവർ തന്റെ കരിയർ ആരംഭിച്ചതെങ്കിലും സിവിൽ സർവീസിനായി തയ്യാറെടുക്കാൻ നിധി തീരുമാനിച്ചു. 2008ൽ ബാബാ അറ്റോമിക് റിസർച്ച് സെന്ററിലെ ജോലി ഉപേക്ഷിച്ചു. 2008ൽ അവർ യുപിഎസ്‍സി പരീക്ഷയ്ക്കായി തയാറെടുക്കാൻ തുടങ്ങി.

യുപിഎസ്‍സി പരീക്ഷയിൽ 96-ാം റാങ്ക്

സിവിൽ സർവീസ് യാത്ര അത്ര എളുപ്പമായിരുന്നില്ല. 2012-ലെ പരീക്ഷയിൽ അവരുടെ പേര് വെയിറ്റിംഗ് ലിസ്റ്റിൽ ഇടംനേടി. പക്ഷെ അവർ പിന്മാറാൻ തയാറായില്ല. തന്റെ പരിശ്രമം തുടർന്നു. ഒടുവിൽ 2013ലെ യുപിഎസ്‍സി സിവിൽ സർവീസ് പരീക്ഷയിൽ നിധി ഓൾ ഇന്ത്യയിൽ 96-ാം റാങ്ക് നേടി. റാങ്കിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഫോറിൻ സർവീസ് ലഭിക്കുകയും, 2014-ലെ ബാച്ചിൽ ചേരുകയും ചെയ്തു.

വളർച്ചയുടെ കാലം

വിദേശകാര്യ മന്ത്രാലയത്തിൽ നിരായുധീകരണവും അന്താരാഷ്ട്ര സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലായിരുന്നു നിധി പ്രവർത്തിച്ചത്. വിദേശനയത്തിലും സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിലുമുള്ള അനുഭവം പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസിലെ നിധിയുടെ ചുമതലകൾക്ക് ഏറെ സഹായകരമായി. 2022 നവംബറിൽ അണ്ടർ സെക്രട്ടറിയായി പ്രധാനമന്ത്രിയുടെ ഓഫീസിൽ നിയമനം ലഭിച്ച നിധിക്ക് പിന്നീട് ഡെപ്യൂട്ടി സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (NSA) അജിത് ഡോവലിനൊപ്പവും സുരക്ഷാ സംബന്ധമായ കാര്യങ്ങളിൽ നിധി പ്രവർത്തിച്ചിട്ടുണ്ട്. വിദേശകാര്യങ്ങൾ, അന്താരാഷ്ട്ര സുരക്ഷ, ദേശീയ സുരക്ഷ എന്നീ മേഖലകളിലെല്ലാം അവർ നൽകിയ സംഭാവനകൾ നിധിയുടെ കരിയറിലെ പ്രധാനപ്പെട്ടവയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.