iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
National

Social Media for Minors: കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ട്: കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി

സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിന് 18 വയസ്സെന്ന കുറഞ്ഞ പ്രായപരിധി കർശനമായി നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ് (Just Rights for Children Alliance) എന്ന എൻജിഒ നൽകിയ പൊതുതാൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അടങ്ങിയ ബെഞ്ച് പരിഗണിച്ചത്.

സീനിയർ അഡ്വക്കേറ്റ് എച്ച്. എസ്. ഫൂൽക്കയാണ് ഹർജിക്കാർക്കായി ഹാജരായത്. കുട്ടികൾ നേരിടുന്ന വിവിധ ഓൺലൈൻ ഭീഷണികളായ സൈബർ ആക്രമണങ്ങൾ, ഓൺലൈൻ ഗ്രൂമിംഗ്, വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം എന്നിവ ഹർജിയിലെ പ്രധാന ആശങ്കകളാണ്. കേന്ദ്ര ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും നിയമ-നീതിന്യായ മന്ത്രാലയവുമാണ് കേസിലെ എതിർകക്ഷികൾ.

സോഷ്യൽ മീഡിയ അക്കൗണ്ട് ആദ്യമായി എടുക്കുമ്പോള്‍ അംഗീകരിക്കുന്ന 'സേവന വ്യവസ്ഥകൾ' (Terms of Service) നിയമപരമായി ഒരു കരാറാണ്. ഇന്ത്യൻ കരാർ നിയമപ്രകാരം (Indian Contract Act, 1872) പ്രായപൂർത്തിയാകാത്തവർക്ക് കരാറുകളിൽ ഏർപ്പെടാൻ അവകാശമില്ലാത്തതിനാൽ കുട്ടികൾ നടത്തുന്ന ഇത്തരം കരാറുകൾ നിയമപരമായി അസാധുവാണെന്ന് ബെഞ്ച് ചൂണ്ടിക്കാണിച്ചു. മാത്രമല്ല ഫേസ്ബുക്ക്, സ്നാപ്ചാറ്റ് പോലുള്ള പല പ്രധാന സോഷ്യമീഡിയ പ്ലാറ്റ്‌ഫോമുകളും 13 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് അക്കൗണ്ട് അനുവദിക്കുന്നതിന് ജനനത്തീയതി സ്വയം നൽകാനുള്ള അവസരമാണ് നൽകുന്നത്. എന്നാൽ ഇന്ത്യയിലെ നിയമങ്ങൾ അനുസരിച്ച് 18 വയസ്സിന് താഴെയുള്ളവരെല്ലാം മൈനറാണ്. ഇത്തരത്തിൽ പ്ലാറ്റ്‌ഫോമുകൾ ഇന്ത്യൻ നിയമങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് ഹർജിയിലെ പ്രധാന വാദം.

കുട്ടികൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കുന്നതിന് സമ്പൂർണ്ണ നിരോധനമല്ല ഹർജിക്കാർ ആവശ്യപ്പെടുന്നത്, മറിച്ച് ഇത്തരം പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് രക്ഷിതാക്കളുടെ മേൽനോട്ടവും, കുട്ടികള്‍ തെറ്റായ വയസ്സ് നല്‍കുന്നത് തടയാന്‍ സാധിക്കുന്ന സാങ്കേതിക സഹായങ്ങളുമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.