iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
National

Kanpur Murder Case: 'പാർട്ടികൾക്ക് പോകുന്നതിന് വിലക്ക്, ചെറിയ ആവശ്യങ്ങൾക്ക് പോലും പണം ചോദിക്കണം'; ഭ‍‍ർതൃപിതാവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി മരുമകൾ

കാൺപൂ‍ർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഭ‍ർതൃപിതാവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകി മരുമകൾ. വ്യാപാരിയായ 63കാരൻ വിനീത് മിനോച്ചയാണ് വീടിനുള്ളിൽ വച്ച് കുത്തേറ്റ് കൊല്ലപ്പെട്ടത്. സിസിടിവി ക്യാമറകൾ വഴിയുള്ള നിരന്തര നിരീക്ഷണം, പാ‍ർട്ടികളിൽ പങ്കെടുക്കുന്നതിന് വിലക്ക്, ചെറിയ ആവശ്യങ്ങൾക്കുള്ള പണം പോലും ചോദിക്കേണ്ടി വരുന്നത് എന്നിവയെ തുടർന്നുള്ള കടുത്ത ഭിന്നതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

മരുന്ന് വ്യാപാരിയായ വിനീത് മിനോച്ചയെ മുൻപ് വീട്ടിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് ക്വട്ടേഷൻ നൽകിയാണ് മരുമകൾ കൊലപ്പെടുത്തിയത്. വിനീത് മിനോച്ചയുടെ ശരീരത്തിൽ 26 കുത്തുകളാണ് ഏറ്റിരുന്നത്. ശനിയാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവങ്ങൾ നടന്നത്. കാൺപൂരിലെ മരുന്ന് വ്യാപാരിയായ വിനീത് മിനോച്ചയെ വീടിനുള്ളിൽ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ സംഘം ഇവരുടെ വീട്ടിൽ മുൻപ് ജോലി ചെയ്തിരുന്ന വിശാൽ (30), ഇയാളുടെ സഹായി രാജ് കിഷോ‍ർ എന്നിവരെ പിടികൂടി. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് 36കാരിയായ ഷാലുവിലേക്ക് അന്വേഷണം എത്തിയത്. ഷാലു പണം നൽകിയാണ് തനിക്ക് കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയതെന്ന് വിശാൽ മൊഴി നൽകി.

ആദ്യം കുറ്റം നിഷേധിച്ച ഷാലു വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. ഭ‍ർതൃപിതാവ് വീട്ടിലെ ഓരോ കാര്യങ്ങളും സിസിടിവി വഴി സദാ നിരീക്ഷിച്ചിരുന്നതായും വൈകിട്ടുള്ള പാർട്ടികളിൽ പങ്കെടുക്കുന്നത് വിലക്കിയിരുന്നതായും ഷാലു പോലീസിനോട് പറഞ്ഞു. ധനിക കുടുംബമായിരുന്നിട്ടും വീട്ടുചിലവുകളിലോ സാമ്പത്തിക കാര്യങ്ങളിലോ തനിക്ക് യാതൊരു സ്വാതന്ത്ര്യവും ഇല്ലായിരുന്നുവെന്നും തനിക്കും ഭ‍ർത്താവിനും ആവശ്യമായ ചെറിയ കാര്യങ്ങൾക്ക് പോലും ഭ‍‍ർതൃപിതാവിനോട് പണം ചോദിക്കേണ്ട അവസ്ഥയായിരുന്നുവെന്നും ഷാലു പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

ജൂലൈ 28ന് രാത്രി വൈകി പാർട്ടി കഴിഞ്ഞെത്തിയ ഷാലുവും വിനീത് മിനോച്ചയും തമ്മിൽ വാക്കുത‍‍ർക്കമുണ്ടായി. ഇതാണ് കൊലപാതകം ആസൂത്രണം ചെയ്യുന്നതിലേക്ക് നയിച്ചതെന്നാണ് പോലീസ് നി​ഗമനം. ഭ‍ർതൃപിതാവിനെ വധിക്കാൻ ആറ് ലക്ഷം രൂപയ്ക്കാണ് ഷാലു ക്വട്ടേഷൻ നൽകിയത്. ഇതിൽ രണ്ട് ലക്ഷം രൂപ സെപ്തംബ‍ർ ആറിനും ബാക്കി നാല് ലക്ഷം രൂപ 15 ദിവസത്തിന് ശേഷവും നൽകാമെന്നായിരുന്നു ധാരണ.

കൊല നടത്തുന്നതിനായി വീടിന്റെ വ്യാജ താക്കോലും നിർമിച്ച് വിശാലിന് കൈമാറിയിരുന്നു. സെപ്തംബ‍ർ നാലിന് ജന്മാഷ്ടമി ആഘോഷത്തിനിടെ ചില സാധനങ്ങൾ നൽകാനെന്ന വ്യാജേന വിശാലിനെ വീട്ടിലേക്ക് വരുത്തിയാണ് കൊലപാതകം നടത്താനുള്ള പദ്ധതിക്ക് അന്തിമരൂപം നൽകിയത്. ശനിയാഴ്ച രാത്രി ഷാലു ഭ‍ർത്താവ് സുബ്രതിനും കുട്ടിക്കും ഒപ്പം ഒരു പാർട്ടിയിൽ പങ്കെടുക്കാൻ പുറത്ത് പോയിരിക്കുകയായിരുന്നു.

ഈ സമയത്താണ് കൊല നടത്തുന്നതിനായി വിശാലും രാജ് കിഷോറും വീട്ടിലെത്തിയത്. മിനോച്ചയെ തലയിണ ഉപയോ​ഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഹൃദയാഘാതമാണെന്ന് വരുത്തിത്തീ‍ർക്കാനായിരുന്നു പദ്ധതി തയ്യാറാക്കിയത്. എന്നാൽ, മകന്റെ കിടപ്പുമുറിയിൽ ഒളിച്ചിരിക്കുകയായിരുന്ന അക്രമികളുടെ മുന്നിലേക്ക് മിനോച്ച അപ്രതീക്ഷിതമായി കടന്നുവന്നതോടെ ഇരുവരും കയ്യിൽ കരുതിയ കത്തികൾ ഉപയോ​ഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

പാ‍ർട്ടി കഴിഞ്ഞ് രാത്രി മൂന്ന് മണിയോടെ തിരിച്ചെത്തിയ ഷാലുവും ഭ‍ർത്താവുമാണ് കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന മിനോച്ചയെ കണ്ട് പോലീസിൽ വിവരം അറിയിച്ചത്. വീട്ടിലെ സ്വ‍ർണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായതോടെ ഇത് മോഷണശ്രമമല്ലെന്നും വ്യക്തിവൈരാ​ഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നും പോലീസ് ഉറപ്പിച്ചിരുന്നു.

ഷാലുവിന്റെ ഭർത്താവ് സുബ്രതിന് കൊലപാതകത്തിൽ ഏതെങ്കിലും തരത്തിലുള്ള പങ്കോ ​ഗൂഢാലോചനയെക്കുറിച്ച് അറിവോ ഉണ്ടായിരുന്നോയെന്ന് കണ്ടെത്താനായി ഇയാളുടെ ഫോൺ ഉൾപ്പെടെ പോലീസ് പരിശോധിച്ച് വരികയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.