UK anti-migrant: അഭയാർത്ഥികളെന്ന് തെറ്റിദ്ധാരണ; യുകെയിൽ പാകിസ്ഥാൻ അണ്ടർ-19 ക്രിക്കറ്റ് ടീമിനെതിരെ പ്രതിഷേധം
)
യുകെയിൽ പര്യടനത്തിനെത്തിയ പാകിസ്ഥാന്റെ അണ്ടർ 19 ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന് പുറത്ത് പ്രതിഷേധം. അഭയാർഥികളാണെന്ന തെറ്റിദ്ധാരണയിൽ അഭയാർത്ഥി വിരുദ്ധരാണ് പോർട്ട്സ്മൗത്തിലെ മാരിയറ്റ് ഹോട്ടലിന് പുറത്ത് തടിച്ചുകൂടി പ്രതിഷേധിച്ചത്.
വിദേശികൾ എത്തിയിട്ടുണ്ടെന്ന അഭ്യൂഹം പരന്നതോടെ 40 ഓളം പേരാണ് ഹോട്ടലിന് പുറത്ത് പ്രതിഷേധം നടത്തിയത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി, ഹോട്ടലിലുള്ളത് പാക് അണ്ടർ 19 ക്രിക്കറ്റ് ടീമാണെന്ന് വ്യക്തമാക്കി. പിന്നീട് റിഫോം കൗൺസിലർ പാകിസ്ഥാൻ ടീമിന്റെ കോച്ചുമായി സംസാരിച്ചതിനെ തുടർന്നാണ് തെറ്റിദ്ധാരണ നീങ്ങിയത്.
പരിചയമില്ലാത്ത ആളുകൾ പ്രദേശത്ത് ചുറ്റിത്തിരിയുന്ന ഫോട്ടോകൾ ഓൺലൈനിൽ പ്രചരിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഇവർ അഭയാർത്ഥികളാകാം എന്ന തെറ്റിദ്ധാരണ വന്നതോടെ പ്രതിഷേധമുയരുകയായിരുന്നു. അഭയാർത്ഥികളാണെന്ന് യാതൊരു സ്ഥിരീകരണവും ഇല്ലാതെയായിരുന്നു പ്രചാരണവും പ്രതിഷേധവും.
പോർട്ട്സ്മൗത്ത് നോർത്ത് എം.പി അമാൻഡ മാർട്ടിൻ സംഭവത്തെ ശക്തമായി വിമർശിച്ചു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യുവ ക്രിക്കറ്റ് താരങ്ങളെ തെറ്റായി ലക്ഷ്യം വെച്ചത് അംഗീകരിക്കാനാവില്ലെന്ന് അവർ വ്യക്തമാക്കി. കുടിയേറ്റത്തെക്കുറിച്ച് ന്യായമായ ചർച്ചകൾ നടത്താം പക്ഷേ അത് അഭ്യൂഹങ്ങളുടെയോ തെറ്റായ വിവരങ്ങളുടെയോ അടിസ്ഥാനത്തിലാകരുത് മറിച്ച് വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം എന്ന് അമാൻഡ മാർട്ടിൻ പറഞ്ഞു.
യുകെയിൽ അഭയാർത്ഥികളോടും കുടിയേറ്റക്കാരോടും ഇത്രയധികം എതിർപ്പും അസഹിഷ്ണുതയും ഉണ്ടാകാൻ പ്രധാനമായും ചില സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളാണ് കാരണം. രാജ്യത്തെ തൊഴിലില്ലായ്മ, വീടുകളുടെ കുറവ്, നാഷണൽ ഹെൽത്ത് സർവീസ് (NHS) പോലുള്ള പ്രധാന പൊതുസേവനങ്ങളിലെ പ്രതിസന്ധികൾ എന്നിവയ്ക്കൊക്കെ കാരണം അഭയാർത്ഥികളുടെ വരവാണെന്നുള്ള ശക്തമായൊരു വിശ്വാസം ഒരു വിഭാഗം ബ്രിട്ടീഷുകാർക്കിടയിലുണ്ട്. നാട്ടുകാർക്ക് ലഭിക്കേണ്ട അവസരങ്ങളും ആനുകൂല്യങ്ങളും ഇവർ തട്ടിയെടുക്കുന്നുവെന്ന തോന്നലും, തങ്ങളുടെ പരമ്പരാഗത സംസ്കാരവും സുരക്ഷയും നഷ്ടപ്പെടുമെന്ന ആശങ്കയും ആളുകളിൽ വലിയ തോതിലുള്ള അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നു. ഇതിനുപുറമെ വലതുപക്ഷ രാഷ്ട്രീയ നേതാക്കളുടെയും ചില മാധ്യമങ്ങളുടെയും കുടിയേറ്റ വിരുദ്ധ പ്രചാരണങ്ങളും ഈ വിഷയങ്ങളിൽ ആളുകളെ പ്രകോപിതരാക്കുന്നുണ്ട്.
പാകിസ്ഥാൻ അണ്ടർ-19 ടീമിന്റെ സുരക്ഷയും ക്ഷേമവും ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ECB) നിരീക്ഷിച്ചു. ടൂർ അവസാനിക്കുന്നത് വരെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ ബോര്‍ഡ് അവലോകനം ചെയ്തു. സീനിയർ ടീം ഇംഗ്ലണ്ടുമായി ടെസ്റ്റ് മത്സരങ്ങൾ കളിക്കുമ്പോൾ, അണ്ടർ-19 ടീം ടൂർ തുടരുകയാണ്. അരുണ്ടലിൽ നടന്ന നാല് ദിവസത്തെ മത്സരത്തിൽ ഇംഗ്ലണ്ടിനോട് 10 റൺസിന് തോറ്റ പാകിസ്ഥാൻ സെപ്റ്റംബർ 9-ന് നടന്ന ഏകദിനത്തിൽ 177 റൺസിന് വിജയിച്ചുകൊണ്ടാണ് തിരിച്ചുവന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.
)
)
)
)
)
)
)
)