iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Sports

Asian Games 2026: വിവാദങ്ങളുടെ വുഷു മത്സരം, ഏഷ്യൻ ഗെയിംസിൽ റോഷ്ബിന ദേവിക്ക് തുടർച്ചയായ മൂന്നാം മെഡൽ

ഐചീ-നഗോയയിൽ നടക്കുന്ന 20-ാമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ വുഷു 60 കിലോഗ്രാം സാണ്ട (Sanda) വിഭാഗത്തിൽ ഇന്ത്യയുടെ റോഷ്ബിന ദേവി വെള്ളി മെഡൽ സ്വന്തമാക്കി. ഫൈനലിൽ ചൈനയുടെ ചാങ് ഷിയോയുവിനോട് 0-5 എന്ന സ്കോറിനാണ് റോഷ്ബിന പരാജയപ്പെട്ടത്.

ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ റോഷ്ബിന ദേവി തുടർച്ചയായി നേടുന്ന മൂന്നാമത്തെ മെഡലാണിത്. രണ്ടാമത്തെ വെള്ളി മെഡലും. ഈ മെഡൽ നേട്ടത്തോടെ നിലവിലെ ഗെയിംസിൽ ഒരു സ്വർണ്ണവും ആറ് വെള്ളിയും ഏഴ് വെങ്കലവുമടക്കം ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 14 ആയി ഉയർന്നു. ബുധനാഴ്ച നടന്ന സെമിഫൈനൽ മത്സരത്തിൽ ഇന്തോനേഷ്യയുടെ താനിയ കുസുമാനിങ്ത്യസിനെ 2-0 സ്കോറിന് പരാജയപ്പെടുത്തിയാണ് താരം ഫൈനലിലെത്തിയത്.

2018, 2023 ഏഷ്യൻ ഗെയിംസുകളിൽ റോഷ്ബിന മെഡലുകൾ നേടിയെങ്കിലും, വുഷു അസോസിയേഷൻ ആദ്യം ദിവ്യാൻഷി ചൗധരിയെയാണ് സാണ്ട വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തത്. എന്നാൽ ദിവ്യാൻഷിക്ക് പരിക്കേറ്റതിനാൽ വുഷു അസോസിയേഷൻ ഓഫ് ഇന്ത്യ (WAI) റോഷ്ബിനയെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു.

വുഷു അസോസിയേഷന്‍ തീരുമാനത്തിനെതിരെ ദിവ്യാൻഷി രംഗത്തെത്തി. തന്നെയും കുടുംബത്തെയും റോഷ്ബിന മാനസികമായി പീഡിപ്പിച്ചെന്നായിരുന്നു ദിവ്യാൻഷിയുടെ ആരോപണം. പരിക്കിന് ശേഷം മെഡിക്കൽ ടീമിന്റെ ക്ലിയറൻസ് ലഭിച്ചതിന് ശേഷമാണ് താൻ ഏഷ്യൻ ഗെയിംസിൽ മത്സരത്തിന് ഫിറ്റാണെന്ന് പ്രഖ്യാപിക്കപ്പെട്ടതെന്നും അവർ അവകാശപ്പെട്ടു. എന്നാൽ ദിവ്യാൻഷിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി വുഷു അസോസിയേഷൻ ഓഫ് ഇന്ത്യ രംഗത്തെത്തി. മെഡിക്കൽ കാരണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ദിവ്യാൻഷിയെ മാറ്റിനിർത്തി റോഷ്ബിനയെ ഉൾപ്പെടുത്താൻ തീരുമാനം എടുത്തതെന്ന് അസോസിയേഷൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. പിന്നീട് നിലപാട് മാറ്റിയ ദിവ്യാൻഷി, 2030-ലെ ഏഷ്യൻ ഗെയിംസിൽ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് അറിയിച്ചു. ചൈനീസ് മാർഷൽ ആർട്സായ കുങ്ഫുവിന്റെ ആധുനിക കായിക രൂപമാണ് വുഷു (Wushu).

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.