Ponmudi: കനത്ത മഴയും മണ്ണിടിച്ചിലും; വിനോദസഞ്ചാരികൾക്ക് ഇനി പ്രവേശനമില്ല, പൊൻമുടി അടച്ചു
കനത്ത മഴ തുടരുന്നതിനാലും മണ്ണിടിച്ചിലുണ്ടായതിനാലും പൊന്മുടി ടൂറിസം കേന്ദ്രം അടച്ചു.
)
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലുണ്ടായതോടെ പൊന്മുടി ഇക്കോ ടൂറിസം അടച്ചു. അനിശ്ചിതകാലത്തേക്കാണ് കേന്ദ്രം അടച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവിടേക്ക് സന്ദർശകർക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. മലയോര മേഖലകളിൽ ഇന്നലെ രാത്രി ശക്തമായി മഴ പെയ്തിരുന്നു. കല്ലാര്‍-പൊന്മുടി റോഡില്‍ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയകോവിലിന് സമീപത്തുമാണ് മണ്ണിടിച്ചിലുണ്ടായത്.
കേരളത്തിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനപ്രകാരം മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ മുന്നറിയിപ്പിന്റെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ ഇന്ന് വൈകുന്നേരം 03.00 നും 03.30 നും ഇടയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 04.00 നും 04.30 നും ഇടയിലും കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും.
അതേസമയം ശക്തമായ മഴ തുടരുന്നതിനാൽ കൊടൈക്കനാൽ, ഊട്ടി മേഖലയിലും നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കൊടൈക്കനാലിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. വിനോദസഞ്ചാരികളും പൊതുജനങ്ങളും ഇവിടേക്ക് വരുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ ദുർഗ മൂർത്തി നിർദേശിച്ചു. ഗുണ കേവ്, പൈൻ ഫോറസ്റ്റ്, പില്ലർ റോക്ക്സ്, മോയിർ പോയിന്റ്, മന്നവനൂർ, ബ്രയന്റ് പാർക്ക്, കോക്കേഴ്സ് വാക്ക്, സിൽവർ കാസ്കേഡ് വെള്ളച്ചാട്ടം, ബെരിജാം തടാകം, ഗ്രീൻ വാലി വ്യൂ, ഡോൾഫിൻസ് നോസ്, പാംബാർ വെള്ളച്ചാട്ടം എന്നിവ പൂർണമായി അടച്ചിരിക്കുകയാണ് അധികൃതർ.
നീലഗിരിയിൽ കനത്ത മഴയെ തുടർന്ന് മരങ്ങൾ കടപുഴകി വീഴുന്നതും മണ്ണിടിയുന്നതും തുടരുകയാണ്. അതിനാൽ അടുത്ത 3 ദിവസത്തേക്ക് ഊട്ടിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് കലക്ടർ ലക്ഷ്മിഭവ്യ തന്നീരു നിർദേശിച്ചിരിക്കുന്നത്. വൈകിട്ട് 6 മുതൽ രാവിലെ 7 വരെ ഇവിടെ യാത്ര നിരോധിച്ചിരിക്കുന്നത്. സർക്കാർ ബസുകളും സർവീസുകൾ നടത്തില്ല. മേട്ടുപ്പാളയം– കൂനൂർ പാത ചൊവ്വാഴ്ച രാവിലെ വരെ പൂർണമായി അടച്ചിടും. മേട്ടുപ്പാളയം– കോത്തഗിരി വഴി നിയന്ത്രണങ്ങളോടെയായിരിക്കും പകൽസമയമുള്ള യാത്ര. ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടും.
തമിഴ്നാട്ടിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തേനി, മധുര, ഡിണ്ടിഗൽ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 14 ജില്ലകളിൽ ഓറഞ്ച് അലർട്ടാണുള്ളത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)