iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Food Poison Death: വറ്റ മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധ; വർക്കലയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു

Thiruvananthapuram

വറ്റം മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വർക്കല സ്വദേശി മരിച്ചു. ചികിത്സയിലിരിക്കെയാണ് മരണം.

തിരുവനന്തപുരം: വർക്കലയിൽ വറ്റ മത്സ്യം കഴിച്ചതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ചിലക്കൂർ ഗ്രാലികുന്ന് തൈക്കാവിൽ വീട്ടിൽ സുധീർ (40) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും പോലീസിന് ലഭിച്ച പ്രാഥമിക വിവരം.

സുധീറിന്റെ സ്വന്തം ബോട്ടിൽ നിന്ന് മത്സ്യം ലഭിക്കാതിരുന്നതിനെ തുടർന്ന് മറ്റൊരു ബോട്ടിൽ നിന്നും 25 കിലോയോളം തൂക്കം വരുന്ന 28 വറ്റ മത്സ്യങ്ങൾ വാങ്ങിയിരുന്നു. ഇതാണ് സുധീറും കുടുംബവും ഉപയോഗിച്ചിരുന്നത്. ഇക്കഴിഞ്ഞ ഒക്ടോബർ 28-നാണ് മത്സ്യം കഴിച്ചതിന് പിന്നാലെ സുധീറിന് കടുത്ത ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ആരോഗ്യസ്ഥിതി കൂടുതൽ വഷളായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെ 9.30 ഓടെയാണ് സുധീറിന്റെ മരണം സ്ഥിരീകരിച്ചത്. ഇയാളുടെ ബന്ധുക്കൾക്കും അലർജിയും ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്നു. ബന്ധുവായ മുഹമ്മദ് ഹാഷിമിനെ ആ ദിവസം പാരിപ്പള്ളി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടതോടെ ഇയാൾ ഹോസ്പിറ്റൽ വിട്ടു.

ഒക്ടോബർ 26-ന് മുതലപ്പൊഴിയിലും പെരുമാതുറയിലും ലഭിച്ച വറ്റ മത്സ്യം വാങ്ങി ഉപയോഗിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇതേ തുടർന്ന് വർക്കല നഗരസഭ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നു. കേടില്ലാത്തതും ഭക്ഷ്യയോഗ്യവുമായ മീനുകൾ മാത്രം വാങ്ങാൻ അധികൃതർ നിർദേശം നൽകി. സ്ഥിതിഗതികൾ കണക്കിലെടുത്ത് വെട്ടൂർ പഞ്ചായത്ത് പരിധിയിൽ ആരോഗ്യവകുപ്പും പോലീസും സംയുക്തമായി വറ്റ മത്സ്യത്തിന്റെ വിൽപ്പന തടഞ്ഞിരുന്നു.

വറ്റ മീനിന്റെ മുട്ട ഉപയോഗിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ വന്നിരുന്നെങ്കിലും, വൻതോതിൽ ശേഖരിച്ച മത്സ്യം കേടുവരാതിരിക്കാൻ രാസവസ്തുക്കൾ ചേർത്ത് വിൽപ്പന നടത്തിയതാണോ എന്ന സംശയവും ഉയരുന്നുണ്ട്. വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.