iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
International

Bangkok Flood: ബാങ്കോക്ക് രൂക്ഷമായ വെള്ളപ്പൊക്കത്തിൽ, ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ചു

ബാങ്കോക്ക്: കനത്ത മഴയെത്തുടർന്ന് തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ വീടുകളും കടകളും റോഡുകളും വെള്ളത്തിനടിയിലായി. സ്ഥിതി ഗുരുതരമായതിനാൽ ബാങ്കോക്കിനെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ചു. സെപ്റ്റംബർ മാസം ലഭിക്കേണ്ട മുഴുവൻ മഴയാണ് കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് പെയ്തത്. ഏകദേശം 320 മില്ലീമീറ്റർ (12.6 ഇഞ്ച്) മഴയാണ് ലഭിച്ചത്.

മഴ കുറഞ്ഞെങ്കിലും പല റോഡുകളും പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മെട്രോ സ്റ്റേഷനുകളിലേക്കോ കടകളിലേക്കോ പോകാൻ കഴിയാത്ത അവസ്ഥയാണ്. ടാക്സികൾ ലഭ്യമല്ല. ഭക്ഷണ വിതരണവും നിലച്ചു. സൂപ്പർമാർക്കറ്റുകളിലെ ഷെൽഫുകൾ കാലിയായി. ആയിരക്കണക്കിന് ആളുകളെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് അധികാരികൾ മാറ്റിയത്. പല കമ്പനികളും ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' സൗകര്യം നൽകിയിട്ടുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സർക്കാർ ഓഫീസുകൾക്ക് പ്രത്യേക അവധിയായിരുന്നു. സ്വകാര്യ സ്ഥാപനങ്ങളും ബാങ്കുകളും തുറന്നു പ്രവർത്തിക്കുന്നതിൽ ഉചിതമായ തീരുമാനം എടുക്കാനാണ് സര്‍ക്കാര്‍ നിർദ്ദേശം നൽകിയത്. പ്രായമായവരെയും ഭിന്നശേഷിക്കാരെയും സഹായിക്കാനും അവരെ സുരക്ഷിതമായി ഒഴിപ്പിക്കാനും അധികാരികൾ മുൻഗണന നൽകുന്നുണ്ട്.

കിഴക്കൻ ബാങ്കോക്കിലെ ബാങ് കപി ജില്ലയാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട ഒരു പ്രദേശം. വെള്ളക്കെട്ട് കുറയ്ക്കാനുള്ള ഡ്രെയിനേജ് പ്രവർത്തനങ്ങൾ നഗരത്തിൽ വേഗത്തിലാക്കിയിട്ടുണ്ടെന്ന് അധികാരികൾ അറിയിച്ചു. പ്രധാനമന്ത്രി അനുതിൻ ചാൻവിരാകുൽ നേരിട്ട് ദുരന്തബാധിത പ്രദേശം സന്ദർശിക്കുകയും ജനങ്ങൾക്ക് അവശ്യവസ്തുക്കൾ വിതരണം ചെയ്യുകയും ചെയ്തു.

ബാങ്കോക്കിൽ വെള്ളം കുറഞ്ഞുതുടങ്ങിയെങ്കിലും തായ്‌ലൻഡിന്റെ മറ്റ് ഭാഗങ്ങളിൽ പ്രത്യേകിച്ച് വടക്ക്, മധ്യ, കിഴക്കൻ മേഖലകളിൽ കനത്ത മഴ തുടരുമെന്നും മിന്നൽ പ്രളയങ്ങൾക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.