Hardship Camps: ലക്ഷങ്ങൾ മുടക്കി മക്കളെ 'കഷ്ടപ്പാട്' പഠിപ്പിക്കുന്ന രക്ഷിതാക്കൾ, ചൈനയിൽ ശ്രദ്ധനേടി 'ഹാർഡ്ഷിപ്പ് ക്യാമ്പ്'
)
വേനൽ അവധിക്കാലം കുട്ടികളെ സംബന്ധിച്ചിടത്തോളം കളിക്കാനുള്ള സമയമാണ്. പക്ഷേ ചൈനയിലെ ചില പ്രദേശങ്ങളിൽ വേനൽ അവധിയെ മാതാപിതാക്കൾ സമീപിക്കുന്നത് മറ്റൊരു രീതിയിലാണ്. അതിൽ കുട്ടികൾക്ക് കൃഷിപ്പണി, കൂലിപ്പണി, കർശനമായ ദിനചര്യകൾ എന്നിവ ഉൾപ്പെടുന്നു. ഓൺലൈനിൽ പ്രചരിക്കുന്ന പല വീഡിയോകളിലും പരിചയമില്ലാത്ത ഇത്തരം ജോലി ചെയ്യുന്ന കുട്ടികൾ കരയുന്നതും, വീട്ടിലേക്ക് പോകാൻ നിർബന്ധം പിടിക്കുന്നതും കാണാം.
കുട്ടികൾക്ക് സ്വന്തം കുടുംബത്തിന്റെയും നല്ല ജീവിതത്തിന്റെയും വില മനസ്സിലാക്കാൻ വേണ്ടിയാണ് ഈ പരീക്ഷണം. മാതാപിതാക്കൾ ആയിരക്കണക്കിന് യുവാൻ ചെലവഴിച്ച് തങ്ങളുടെ മക്കളെ ഗ്രാമങ്ങളിലെ 'ഹാർഡ്ഷിപ്പ് ക്യാമ്പുകളിലേക്ക്' (Hardship Camps) അയക്കുന്നതാണ് രീതി.
ഹാർഡ്ഷിപ്പ് ക്യാമ്പുകൾ ട്രെൻഡ്
ഈ വേനൽ അവധിക്കാലത്താണ് ചൈനയിൽ ഹാർഡ്ഷിപ്പ് ക്യാമ്പുകൾക്ക് വലിയ പ്രചാരം ലഭിക്കുന്നത്. പ്രത്യേകിച്ച് സിചുവാൻ, ഗുയിഷോ, യുനാൻ എന്നിവയുൾപ്പെടെയുള്ള തെക്കുപടിഞ്ഞാറൻ പ്രവിശ്യകളിൽ.
ഗ്രാമീണരുടെ ദൈനംദിന ജോലികളോട് സാമ്യമുള്ള ജോലികളാണ് കുട്ടികൾക്ക് ക്യാമ്പുകളിൽ നൽകുന്നത്. ഉരുളക്കിഴങ്ങ് വിളവെടുപ്പ് മുതൽ അവ വിൽപ്പന നടത്തുന്നത് അടക്കമുള്ള ടാസ്കുകൾ ഇതിൽ ഉൾപ്പെടുന്നു. പന്നികൾക്ക് ഇവിടെ തീറ്റ കൊടുക്കേണ്ടതും കുട്ടികളാണ്.
പണം നൽകി പഠിക്കുക
കുട്ടികളെ ഉപയോഗിച്ച് പണമുണ്ടാക്കാൻ വേണ്ടിയല്ല മാതാപിതാക്കൾ അവരെ ഗ്രാമങ്ങളിലേക്ക് അയക്കുന്നത്. കുട്ടികൾക്ക് ഇത്തരം ജോലികൾ ലഭിക്കാൻ മാതാപിതാക്കളാണ് ഇവിടെ പണം മുടക്കുന്നത്. 10 ദിവസത്തെ ക്യാമ്പിന് 4,000 യുവാൻ (അരലക്ഷം) അല്ലെങ്കിൽ അതിൽ കൂടുതൽ പണം നൽകണം.
വളരെ കർശനമായ നിയമങ്ങളാണ് ക്യാമ്പുകളിൽ. ഫോൺ കുട്ടികൾക്ക് ക്യാമ്പിൽ നൽകാറില്ല. പണി എടുക്കുന്നതിനനുസരിച്ചേ ഭക്ഷണം നൽകൂ. ജോലി കൃത്യമായി തീർത്തില്ലെങ്കിൽ ഉരുളക്കിഴങ്ങ് പോലുള്ളവ മാത്രമേ കഴിക്കാൻ നൽകൂ.
കുട്ടികളെ വെറുതെ കഷ്ടപ്പെടുത്താനല്ല ഹാർഡ്ഷിപ്പ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. എല്ലാ സുഖസൗകര്യങ്ങളിലും വളരുന്ന കുട്ടികൾക്ക് കുടുംബം മുന്നോട്ട് കൊണ്ടുപോകാനും പണമുണ്ടാക്കാനും എത്രത്തോളം കഷ്ടപ്പെടണമെന്ന് മനസ്സിലാക്കിക്കൊടുക്കാനാണ് ഇത്തരം ക്യാമ്പുകൾ.
മാതാപിതാക്കൾ എന്തിന് ഇങ്ങനെ ചെയ്യുന്നു?
ഒരു കഷ്ടപ്പാടും അറിയാതെ വളരുന്ന മക്കൾക്ക് ഉള്ളതിന്റെ വില എങ്ങനെ പഠിപ്പിക്കും? ഇതിന് വേണ്ടി കുറച്ചു ദിവസത്തെ ബുദ്ധിമുട്ടുകൾ കുട്ടികളെ അനുഭവിപ്പിക്കുകയാണ് വഴിയെന്ന് ചില ചൈനീസ് മാതാപിതാക്കൾ കരുതുന്നു.
പക്ഷെ എല്ലാവർക്കും ഈ ആശയത്തോട് യോജിക്കാൻ കഴിഞ്ഞിട്ടില്ല അവർ അവരുടെ ആശങ്കകൾ പങ്കുവെക്കുന്നുണ്ട്. അമിതമായ കഠിനാധ്വാനം കുട്ടികളിൽ അമിത സമ്മർദമുണ്ടാക്കുമെന്ന് വിമർശകർ പറയുന്നു. കുട്ടികളെ സഹനശക്തി പഠിപ്പിക്കുന്നതും വെറുതെ കഷ്ടപ്പെടുത്തുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് ഇവർ പറയുന്നു.
മക്കളെ പേടിപ്പിച്ചോ തളർത്തിയോ അല്ല നല്ല രീതിയിൽ വളർത്തേണ്ടത്. പ്രായത്തിനനുസരിച്ചുള്ള ചെറിയ ജോലികൾ നൽകിയും പ്രകൃതിയെ അടുത്തറിഞ്ഞും അവരിൽ ഉത്തരവാദിത്തവും സ്നേഹവും വളർത്തിയെടുക്കുകയാണ് വേണ്ടതെന്ന് ഇക്കൂട്ടർ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)