iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Utility

Gift Tax: സമ്മാനമായി പണവും സ്വര്‍ണവും ലഭിക്കാറുണ്ടോ? ഐടിആർ ഫയൽ ചെയ്യുമ്പോൾ ശ്രദ്ധിക്കണം!

ജീവിതത്തിൽ ഒരിക്കലെങ്കിലും സമ്മാനങ്ങൾ ലഭിക്കാത്തവർ കുറവായിരിക്കും. മാതാപിതാക്കൾ, പങ്കാളി, സുഹൃത്തുക്കൾ, ബന്ധുക്കൾ അങ്ങനെ പലരിൽ നിന്നും നിങ്ങൾക്ക് സമ്മാനങ്ങൾ ലഭിക്കാറുണ്ടാകാം. സമ്മാനത്തിന്റെ മൂല്യം ഒരിക്കലും വില കൊണ്ടല്ല തിട്ടപ്പെടുത്തേണ്ടത് എങ്കിലും ആദായനികുതി റിട്ടേൺ (ITR) സമർപ്പിക്കുമ്പോൾ ഇവ കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. സമ്മാനത്തിന്റെ നികുതി നിശ്ചയിക്കുന്നത് അതിന്റെ സ്വഭാവം, മൂല്യം, സമ്മാനം നൽകിയ വ്യക്തി എന്നിവയെ ആശ്രയിച്ചാണ്.

ഒരു വ്യക്തി മറ്റൊരാളിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ പണമോ, ചലിക്കുന്നതോ ചലിക്കാത്തതോ ആയ വസ്തുക്കളെ യാതൊരു വിലയും നൽകാതെ അല്ലെങ്കിൽ വളരെ കുറഞ്ഞ വിലയ്ക്ക് കൈപ്പറ്റുന്നതാണ് സമ്മാനം. ഇത് സമ്മാനം ലഭിക്കുന്ന വ്യക്തിയുടെ വരുമാനമായിട്ടാണ് കണക്കാക്കുന്നത്. ഇതിൽ പണം, ബോണ്ടുകൾ, ചെക്കുകൾ, കെട്ടിടങ്ങൾ, പ്ലോട്ടുകൾ, സ്വർണം, പെയിന്റിംഗുകൾ, ഡിജിറ്റൽ ആസ്തികൾ തുടങ്ങിയവ ഉൾപ്പെടാം.

സമ്മാനങ്ങളുടെ മേലുള്ള നികുതി നിയന്ത്രിക്കുന്നത് ആദായനികുതി വകുപ്പിന്റെ ഡീംഡ് ഇൻകം (Deemed Income) വ്യവസ്ഥ പ്രകാരമാണ്. 'ചില' ബന്ധുക്കളിൽ (രക്തബന്ധം, ഭാര്യ-ഭര്‍ത്തൃ ബന്ധം) നിന്ന് ലഭിക്കുന്ന സമ്മാനങ്ങൾക്ക് ആദായനികുതി വകുപ്പ് ഇളവ് നൽകുന്നുണ്ട്. സമ്മാനത്തിന്റെ മൂല്യം എത്രയായാലും അത് സ്വീകരിക്കുന്ന വ്യക്തി അതിന് നികുതി നൽകേണ്ടതില്ല.

ആദായനികുതി നിയമത്തിലെ സെക്ഷൻ 56 പ്രകാരം ചില അവസരങ്ങളിൽ നികുതി നൽകേണ്ടതില്ല.

1. ചില ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന സമ്മാനങ്ങൾ.
2. 50,000 രൂപയ്ക്കുള്ളിൽ മൂല്യമുള്ള സമ്മാനങ്ങൾ.
3. വിവാഹസമയത്ത് ലഭിക്കുന്ന സമ്മാനങ്ങൾ.
4. വിൽപത്രം വഴിയോ അനന്തരാവകാശമായി ലഭിക്കുന്ന സമ്മാനങ്ങൾ.
5. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നോ നിർദ്ദിഷ്ട സ്ഥാപനങ്ങളിൽ നിന്നോ ലഭിക്കുന്ന സമ്മാനങ്ങൾ.

ഇതിൽ ഉൾപ്പെടുത്താത്ത സമ്മാനങ്ങൾ 'മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം' (Income from other sources) എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. ഇത്തരം ആസ്തികളുടെ സ്വഭാവവും മൂല്യവും ഉൾപ്പെടെയുള്ള കൃത്യമായ വിവരങ്ങൾ നൽകേണ്ടതുണ്ട്. വരുമാനം തെറ്റായി രേഖപ്പെടുത്തുകയോ മറച്ചുവെക്കുകയോ ചെയ്താൽ ആദായനികുതി നിയമത്തിലെ 270എ (Section 270A) പ്രകാരം 50 ശതമാനം മുതൽ 200 ശതമാനം വരെ പിഴ ഈടാക്കാം. ബാധകമായ നികുതിക്ക് പുറമേയാണിത് അടക്കേണ്ടത്.

2026-27 അസ്സെസ്‌മെന്റ് വർഷം (സാമ്പത്തിക വർഷം 2025-26) മുതൽ ഐടിആർ യൂട്ടിലിറ്റികളിൽ 'വരുമാനത്തിന്റെ സ്വഭാവത്തിലല്ലാത്ത രസീതുകൾ' (Receipts not in the nature of income) എന്ന പേരിൽ പ്രത്യേക വിഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നികുതി ഇളവുള്ള വിഭാഗത്തിൽ പെടുന്ന ആസ്തികൾ രേഖപ്പെടുത്തണം. നികുതി വകുപ്പിന്റെ പരിശോധനകൾ ഒഴിവാക്കാനും ഏതെങ്കിലും അന്വേഷണം ഉണ്ടായാൽ വ്യക്തമായ രേഖകൾ സൂക്ഷിക്കാനും ഇത് സഹായിക്കും. പ്രത്യേകിച്ച് വലിയ തുകയുടെ ഇടപാടുകളുടെ കാര്യത്തിൽ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, പ്രോപ്പർട്ടി രേഖകൾ എന്നിവ സൂക്ഷിക്കേണ്ടതുണ്ട്. ഐടിആറിൽ ഇത്തരം സമ്മാനങ്ങൾ വെളിപ്പെടുത്തുന്നത് അവ നികുതിക്ക് വിധേയമാണെന്ന് അർത്ഥമാക്കുന്നില്ല മറിച്ച് കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്താനും രേഖകൾ സൂക്ഷിക്കാനും വേണ്ടിയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.