NIA Raid: ഭീകരവാദ ബന്ധം: കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ എൻ.ഐ.എയുടെ വ്യാപക റെയ്ഡ്
)
ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ (JMB) പോഷകവിഭാഗമായ 'ഇമാം മഹ്‌മൂദർ ഖാഫില'യുമായി (IMK) ബന്ധപ്പെട്ട അതിർത്തി കടന്നുള്ള ഭീകര ഗൂഢാലോചനാ കേസിൽ ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപക പരിശോധന നടത്തി. അസം, പശ്ചിമ ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിലെ 16 കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് നടന്നത്. അസമിലെ 10 ഇടങ്ങളിലും പശ്ചിമ ബംഗാളിലെ 5 ഇടങ്ങളിലും കേരളത്തിലെ ഒരു കേന്ദ്രത്തിലുമായിരുന്നു പരിശോധന. യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നതും സംഘടനയുടെ ശൃംഖല വ്യാപിപ്പിക്കുന്നതും തടയുന്നതിന്റെ ഭാഗമായാണ് എൻ.ഐ.എയുടെ ഈ നടപടി.
ഭീകര ഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ട് 11 പ്രതികൾക്കെതിരെ ഗുവാഹത്തിയിലെ എൻ.ഐ.എ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഭാരതീയ ന്യായ സംഹിത, നിയമവിരുദ്ധ പ്രവർത്തന തടയൽ നിയമം എന്നിവയിലെ കർശന വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിരോധിത സംഘടനയായ ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ പ്രവർത്തനം ഇന്ത്യയിൽ ശക്തമാക്കുന്നതിനായി, സംഘടനയിലെ മുതിർന്ന അംഗമായ 'ഇമാം മഹ്‌മൂദ് ഹബീബുള്ള'യുടെ നേതൃത്വത്തിലാണ് IMK രൂപീകരിച്ചതെന്ന് എൻ.ഐ.എ വ്യക്തമാക്കി. പശ്ചിമ ബംഗാൾ, അസം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്വാധീനം ഉറപ്പിക്കാനായിരുന്നു പദ്ധതി. രഹസ്യ യോഗങ്ങൾ, തീവ്രവാദ പഠന ക്ലാസുകൾ, ലഘുലേഖ വിതരണം, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴിയാണ് പ്രതികൾ രാജ്യവിരുദ്ധ പ്രചാരണം നടത്തിയിരുന്നത്.
ഭീകര ഗൂഢാലോചന സ്ഥിരീകരിക്കുന്ന സുപ്രധാന രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഡിജിറ്റൽ തെളിവുകളും റെയ്ഡിൽ കണ്ടെടുത്തതായി എൻ.ഐ.എ അറിയിച്ചു. അസമിലെ ഐ.എം.കെ പ്രവർത്തനങ്ങളുടെ പ്രധാന സൂത്രധാരൻ നസീമുദ്ദീനാണെന്നും ത്രിപുരയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ജാഗീർ മിയയാണെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പുതിയ ആളുകളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനും സംഘടനയോട് കൂറുപുലർത്താൻ പ്രേരിപ്പിക്കാനുമാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ഐ.എം.കെ-ജെ.എം.ബി ഭീകര ശൃംഖലയുടെ ആഴത്തിലുള്ള വേരുകൾ കണ്ടെത്താനും കൂടുതൽ തെളിവുകൾ ശേഖരിക്കാനുമാണ് നിലവിലെ റെയ്ഡുകളിലൂടെ എൻ.ഐ.എ ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)