iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
National

Noida Bus Fire: ഗ്രേറ്റര്‍ നോയിഡയില്‍ സ്ലീപ്പര്‍ ബസിന് തീപിടിച്ചു, 9 യാത്രക്കാര്‍ വെന്തുമരിച്ചു

ലഖ്നൗ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 9 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ആഗ്രയിലേക്ക് പോവുകയായിരുന്നു സ്വകാര്യ സ്ലീപ്പർ ബസ് യമുന എക്സ്പ്രസ് വേയിൽ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് കത്തിയത്. സംഭവസമയത്ത് ഏകദേശം 35 യാത്രക്കാർ ബസിലുണ്ടായിരുന്നു. ഷോർട്ട് സർക്യൂട്ടാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.

ബുധനാഴ്ച രാത്രിയോടെയാണ് ബസിന് തീപിടിച്ചത് അതിനാൽ തന്നെ പല യാത്രക്കാരും ഉറക്കത്തിലായിരുന്നു. എഞ്ചിന് ഭാഗത്തുനിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ബസ് റോഡരികിലേക്ക് ഒതുക്കി നിർത്തി. പുറത്തിറങ്ങിയ ഡ്രൈവറും കണ്ടക്ടറും ബഹളം വെച്ചാണ് പല യാത്രക്കാരെയും ഉണർത്തിയത്. പുകയും തീയും പടരുന്നത് കണ്ടതോടെ യാത്രക്കാർ പരിഭ്രാന്തിയിലായി. ആളുകൾ പുറത്തേക്ക് ചാടാൻ തിക്കിത്തിരക്കി. 20 ഓളം യാത്രക്കാരാണ് ബസിന്റെ ജനൽ വഴി ചാടി രക്ഷപെട്ടത്. പുക കാരണം പലർക്കും ശ്വാസം മുട്ടി പുറത്തിറങ്ങാൻ പോലും സാധിച്ചില്ല. 9 യാത്രക്കാരാണ് ഇത്തരത്തിൽ വെന്തുമരിച്ചത്.

തീപിടിത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ ഫയർഫോഴ്സും ജെവാർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് അറിയിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാനും അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.