Aswanth Kok:'ഡ്രിങ്ക് & ഡ്രൈവ് ഒരു അനാവശ്യ ത്രില്ലർ': അശ്വന്ത് കോക്കിന്റെ അറസ്റ്റിന് പിന്നാലെ സിനിമാ റിവ്യൂ ട്രോളുമായി കേരള പോലീസ്
)
കേരള പോലീസിന്റെ സമൂഹമാധ്യമങ്ങളിലെ നര്‍മ്മബോധത്തെക്കുറിച്ച് ആര്‍ക്കും സംശയമില്ല. ട്രോളുകളില്‍ നര്‍മ്മം കലര്‍ത്തി പല മുന്നറിയിപ്പും ജനങ്ങളിലേക്ക് എത്തിക്കാന്‍ അവര്‍ മുന്‍പന്തിയിലാണ്. ഗുരുതരമായ വിഷയങ്ങൾ പോലും വളരെ ലളിതമായും എന്നാൽ ചിന്തിപ്പിക്കുന്ന രീതിയിലും അവതരിപ്പിക്കാൻ കേരള പോലീസ് അവലംബിക്കുന്ന ശൈലി വലിയ രീതിയിലാണ് പൊതുസമൂഹം ഏറ്റെടുക്കാറുള്ളത്.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നടക്കാവില്‍ വാഹനാപകടവുമായി ബന്ധപ്പെട്ട് യൂട്യൂബര്‍ അശ്വന്ത് കോക്കിനെ പോലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വാഹനം ഓടിച്ച അശ്വന്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളെയടക്കം ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും വാഹന ഉടമകളും ചേർന്ന് അശ്വന്തിനെ തടഞ്ഞുവെക്കുകയും പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്ത അശ്വന്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ഇതിന് പിന്നാലെയാണ് അശ്വന്ത് കോക്കിന്റെ സിനിമാ റിവ്യൂ ശൈലി അനുകരിച്ചുകൊണ്ട് 'ഡ്രിങ്ക് & ഡ്രൈവ് ഒരു അനാവശ്യ ത്രില്ലർ' എന്ന തലക്കെട്ടിൽ കേരള പോലീസ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് പങ്കുവെച്ചത്. സിനിമാ റിവ്യൂ മാതൃകയിലാണ് പോസ്റ്റര്‍. കഥ, തിരക്കഥ, ക്ലൈമാക്സ് എന്നിവയ്ക്ക് പകരം അപകടത്തിന്റെ ഭവിഷ്യത്തുകളും പിഴയും ചൂണ്ടിക്കാണിച്ചാണ് ബോധവൽക്കരണം. ഡ്രിങ്ക് & ഡ്രൈവ് ഒരു അനാവശ്യ ത്രില്ലറിന് 10-ല്‍ പൂജ്യം റേറ്റിങ്ങാണ് പോലീസ് നല്‍കിയിരിക്കുന്നത്. 'സിനിമ പാളിയാൽ അടുത്ത വെള്ളിയാഴ്ച വേറെ പടംവരും, ജീവിതം പാളിയാൽ അവിടെ തീരും എല്ലാം' എന്ന ശക്തമായ റോഡ് സുരക്ഷാ സന്ദേശവും പോലീസ് പങ്കുവെച്ചു.
'മദ്യപിച്ച് വാഹനം ഓടിക്കുന്നതൊരു തമാശയോ സാഹസമോ അല്ല. സ്വന്തം ജീവൻമാത്രമല്ല, റോഡിലെ മറ്റു യാത്രക്കാരുടെയും സുരക്ഷയാണ് ഇതിലൂടെ അപകടത്തിലാകുന്നത്. ഒരു തെറ്റായ തീരുമാനം പലരുടെയും ജീവിതത്തെ ബാധിച്ചേക്കാം. അതുകൊണ്ട് മദ്യപിച്ചാൽ ഡ്രൈവ് ചെയ്യരുത്, സുരക്ഷിതമായി വീട്ടിലെത്താനുള്ള മറ്റൊരു വഴി തിരഞ്ഞെടുക്കൂ' എന്ന ശക്തമായ സന്ദേശമാണ് പോലീസ് നൽകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)